Saturday, March 16, 2013

പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍


പ്രണയിനിയുടെ നാട്ടിലൂടെ
ബസ്സില്‍ പോകുമ്പോള്‍
പിറന്ന മണ്ണിനോടെന്ന പോലെ
ഒരടുപ്പം ഉള്ളില്‍ നിറയും

അവള്‍ പഠിച്ചിറങ്ങിയ
സ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാം
അവളുടെ ഛായയായിരിക്കും

അവര്‍ക്ക് മിഠായി നല്‍കാന്‍
മനസ്സ് തുടിക്കും

നിരത്തുവക്കിലെ
മരണവീട്ടില്‍
തിരക്കു കാരണം
കയറാന്‍ കഴിഞ്ഞില്ലെന്ന്
തൊട്ടടുത്തിരിക്കുന്ന
യാത്രക്കാരനോട്
പരിഭവം പറയും

വാര്‍ഡ് മെമ്പര്‍ക്കു നേരെ
പുതുതായി
വോട്ടവകാശം കിട്ടിയവനെപ്പോലെ
നിഗൂഢമായ് ചിരിക്കും

ചിലനേരത്ത്
കല്യാണം കഴിഞ്ഞെന്ന് വരെ
തോന്നലുണ്ടാവും

അന്നാട്ടിലെ
പെണ്ണുങ്ങളെല്ലാം
പ്രതിശ്രുതവരനെയെന്ന പോലെ
തന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധത്താല്‍
ശരീരം കിടുങ്ങും

തിരിച്ച് വീട്ടിലെത്തുമ്പോള്‍
അവളുടെ പ്രദേശം
സ്വന്തമായ ഭരണഘടനയും
ഭൂപടവുമുള്ള
ഒരു രാഷ്ട്രമാണെന്ന് തിരിച്ചറിവുണ്ടാവും

അത്
അവളെപ്പോലെ
ആര്‍ക്കും കീഴടക്കാന്‍ കഴിയാതെ
ഇരുളിലേക്ക്
പരക്കുകയായിരിക്കും.

Monday, January 3, 2011

കച്ചിത്തുരുമ്പ്

പറന്നുകളയുമോ എന്നാ പേടിയില്‍
കുട്ടികളെ
ആകാശത്തെക്കുറിച്ച്
ഒന്നും പഠിപ്പിച്ചില്ല

കാണാന്‍ ഓടിപ്പോയാലോ
എന്നോര്‍ത്ത്
ചരിത്രം കടന്നുവന്ന വഴിയില്‍
തിരിതെളിയിച്ചില്ല

കരഞ്ഞ് കണ്ണുകലങ്ങി
ഇളംമൊഴികള്‍ മുഷിഞ്ഞ്
തളര്‍ന്നുപോവുമോ
എന്ന ആധിയില്‍
ജീവിതം പേറുന്ന നോവുകളെ
പരിചയപ്പെടുത്തിയില്ല

ഏതു നേരത്തും പരന്നുപോകാവുന്ന
നാല് ചുവരുകള്‍ക്കുള്ളില്‍,
കാലുകള്‍ കുഴഞ്ഞാടുന്ന
മരബെഞ്ചിനു മീതെ,
ഒച്ചയനക്കങ്ങളേതുമില്ലാതെ
ഒരു ഇരുത്തം മാത്രം
എത്രയോ മാസങ്ങളിലെ സിലബസ്

തോളോട് തോളുരുമ്മി
ഒന്നാടി രസിക്കാന്‍ പോലും
വിട്ടില്ലല്ലോ
ഞാനീ പിഞ്ചുപൈതങ്ങളെ

തലയെണ്ണാന്‍ വരുമ്പോള്‍
തെറ്റിക്കുറഞ്ഞ്‌, പണിപോയാലോ...?

ഇനി ഓരോ കുട്ടിയും
അച്ചടക്കമുള്ള
ഓരോ അരിമണിയാവുമോ.

Tuesday, December 21, 2010

ഒരുക്കം

മുങ്ങിച്ചാകാന്‍
തുടങ്ങുമ്പോള്‍
കയ്യില്‍ തടഞ്ഞതാണ്
നിന്റെ പ്രണയം

കൂടുതല്‍ ആഴങ്ങളിലേക്ക്
എത്ര വേഗത്തിലാണ്
അതെന്നെ
കൊണ്ടുപോയത്.

Thursday, December 16, 2010

വരം

പഞ്ചേന്ദ്രിയങ്ങളും
തിരിച്ചെടുത്ത ദൈവം
ഒരുനാള്‍ മനസ്സലിഞ്ഞ്‌
ഏതെങ്കിലും
ഒരിന്ദ്രിയം
വെച്ച്തരാമെന്ന് പറഞ്ഞു

നാട്ടുകവലയില്‍വെച്ച്
ആളുകള്‍ മുഴുവന്‍
നോക്കിനില്‍ക്കെ,
കൊള്ളപ്പലിശക്കാരന്‍
രാവുണ്ണിയേട്ടന്‍
ഉരിച്ചുകളഞ്ഞ 
പുറംതൊലിതന്നെ
ചോദിച്ചു അയാള്‍ .

Sunday, December 12, 2010

ചതി

ഒഴുക്ക് നിലച്ച്
മരിക്കുന്നതിന്
തൊട്ടുമുമ്പ് 
പുഴ
വഴികളോട് മന്ത്രിച്ചു.

'സമുദ്രത്തെ കാണുകയാണെങ്കില്‍ 
ഞാന്‍ ശ്രമിച്ചിരുന്നു എന്ന് 
അറിയിക്കണം'

അപ്പോഴേക്കും 
മണല്‍തരികള്‍ 
മരുഭൂമികളുമായി
രഹസ്യസംഭാഷണം 
ആരംഭിച്ചിരുന്നു.

Saturday, December 11, 2010

ഭയഭക്തി

അമ്പലത്തിലേക്കുള്ള
നടപ്പാതയില്‍
ഒറ്റക്കാലന്‍ യാചകനും
തടിച്ച ഉടലുള്ള ഭണ്ഡാരപ്പെട്ടിയും

കയ്യില്‍ ആകെയുള്ളത്
ഒരു ഒറ്റരൂപാനാണയം.

ദൈവത്തിന് നെയ്യായ്
കത്തുന്ന പന്തത്തിന്‍ ചൂടേറ്റി
ഭിക്ഷുവിന്‌ അന്നമായ്
എരിയുന്ന വയറിന്‍ വിശപ്പാറ്റി

ആര്‍ക്ക് നല്‍കണം?

ആയിരം കൈകള്‍
ചോരക്കൊതിയടങ്ങാത്ത നാവ്
തീക്കണ്ണുകള്‍ ദുര്‍മന്ത്രങ്ങള്‍
ആയുധപ്പുര പടയാളികള്‍

ഹൊ ഭയങ്കരം!

ഒറ്റക്കാല് കൊണ്ട്
ഇവനെന്നെ
എന്ത് ചെയ്യാനാ

ഒരു രൂപ
ഈശ്വരന്.

Thursday, November 25, 2010

പഴുത്

വീട് വിട്ടിറങ്ങുമ്പോള്‍
വാതിലുകള്‍
താഴിട്ട് പൂട്ടുന്നത്,
അകത്തേക്ക് ആരും
കയറാതിരിക്കാനുള്ള
ജാഗ്രതയല്ല

മുറിക്കുള്ളില്‍
അഴിച്ചുവെച്ച
നമ്മുടെ മുറിവേറ്റ ജീവിതം
വഴിയിലിറങ്ങി,

ആളുകള്‍
കാണാതിരിക്കാനുള്ള
സൂത്രപ്പണിയാണ്.