Thursday, November 25, 2010

പഴുത്

വീട് വിട്ടിറങ്ങുമ്പോള്‍
വാതിലുകള്‍
താഴിട്ട് പൂട്ടുന്നത്,
അകത്തേക്ക് ആരും
കയറാതിരിക്കാനുള്ള
ജാഗ്രതയല്ല

മുറിക്കുള്ളില്‍
അഴിച്ചുവെച്ച
നമ്മുടെ മുറിവേറ്റ ജീവിതം
വഴിയിലിറങ്ങി,

ആളുകള്‍
കാണാതിരിക്കാനുള്ള
സൂത്രപ്പണിയാണ്.

Tuesday, November 23, 2010

വിലക്ക്

വടകര 
പുതിയ സ്റ്റാന്റില്‍ നിന്നും 
ചായ കുടിക്കാനാ 
ചായ കുടിക്കാനാ എന്ന് 
ശബ്ദം താഴ്ത്തി കരഞ്ഞ്
ലേശം ബുദ്ധിക്കുറവുള്ള സുരേഷ് 
വിറയ്ക്കുന്ന കൈകളോടെ കയറും 

തലമൂടിതട്ടമിട്ട്
പോസ്റ്റ്‌കാര്‍ഡ് വണ്ണത്തില്‍
രേഖപ്പെടുത്തിയ 
നൊമ്പരങ്ങളുമായ്‌
ഉമ്മയും ബാപ്പയും കിടപ്പിലായ,
ഭര്‍ത്താവുപേക്ഷിച്ച,
രണ്ട് ചെറിയ മക്കളുള്ള 
സെലീന 
പയ്യോളിയില്‍ നിന്നും 
വീട് വെക്കാനുള്ള കൊതിയോടെ 
ചില്ലറത്തുട്ടുകള്‍ തിരയും

കൂപ്പില്‍ 
പണിയെടുക്കുമ്പോള്‍ 
അബദ്ധത്തില്‍
മരം വീണ് തകര്‍ന്ന മുതുക് 
ഓപ്പറേഷന്‍ ചെയ്ത്
നേരെയാക്കാമെന്ന
പ്രതീക്ഷയോടെ 
കൊയിലാണ്ടിയില്‍ നിന്നും 
കറുത്ത, ഉയരം കുറഞ്ഞ 
പേരറിയാത്ത ഒരാള്‍ 

ചിരട്ടവീണമീട്ടി 
അടിപൊളിപ്പാട്ടുകള്‍ പാടി 
പത്ത് വയസ്സില്‍ താഴെമാത്രം പ്രായമുള്ള 
ഒരു തമിഴ് പയ്യന്‍ 
കോഴിക്കോട് നിന്നും.

എല്ലാവരും 
കയറിയ ഇടങ്ങളില്‍ തന്നെ 
ഇറങ്ങും,
നാണയക്കിലുക്കങ്ങളില്‍ മുഴുകി 
ആഗ്രഹങ്ങളോട് അടുക്കും 

ഇവര്‍ക്കിടയില്‍ 
ദുരിതങ്ങള്‍ അച്ചടിച്ചുവെച്ച
മഞ്ഞക്കാര്‍ഡോ,
അവയെ 
ഉച്ചത്തില്‍ വിളിച്ചുപറയാന്‍ 
കനത്ത ചങ്കൂറ്റമോ ഇല്ലാതെ,
ചായകുടിക്കാതെയും
വീട് നിര്‍മ്മിക്കാനാവാതെയും
പാട്ടറിഞ്ഞിട്ടും പാടാതെയും
മുതുകൊടിഞ്ഞ സ്വപ്നങ്ങളുമായ്‌
വിഫലമെന്ന് ഉറപ്പുള്ള 
യാത്രയിലുടനീളം 
ഞാന്‍ തലകുനിച്ചിരുന്ന്‍
വിയര്‍ക്കും 


എല്ലാവരും 
കയറിയ ഇടങ്ങളില്‍ തന്നെ 
ഇറങ്ങും,
നാണയക്കിലുക്കങ്ങളില്‍ മുഴുകി 
ആഗ്രഹങ്ങളോട് അടുക്കും.

Thursday, November 18, 2010

ഒഴികെ

കൂട്ട ആത്മഹത്യക്ക്
ഒരുങ്ങുന്ന കുടുംബത്തിലെ
അതിനു തയ്യാറാകാത്ത
ഒരേയൊരാളെ
കുലദ്രോഹിയെന്ന്
വിളിക്കണം.

ഒരു വീട്
ഒന്നിച്ച് നെയ്ത സ്വപ്നത്തെ
പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തെ
ക്രൂരമായ ഒരു വാശിയാല്‍
തോല്പിക്കുന്ന
അയാള്‍ ,

വല്ലാത്ത
പ്രയാസം വരുമ്പോള്‍
ആരോടും പറയാതെ
ഒറ്റയ്ക്ക് തൂങ്ങിച്ചത്ത്
സ്വാര്‍ത്ഥത
തെളിയിച്ചെന്നും വരാം.

Tuesday, November 16, 2010

സാധ്യം

പ്രണയത്തില്‍
എത്ര നേര്‍ത്ത കയറിലും
തൂങ്ങിമരിക്കാം

ഇണയുടെ
മുടിയിഴകളില്‍
ഒന്നില്‍പോലും

അത്രയും കഠിനമായ
ബലത്തിലാണ്
അത് നമ്മെ
കുരുക്കിയിടുക.

ഗുരു

ചിത്രം വരയ്ക്കലും
പാട്ടുപാടലും
ഡ്രില്ലും
ചുവപ്പും പച്ചയും
നൂലിനാല്‍
തൂവാലയില്‍
പൂവിനേയും
പൂമ്പാറ്റയേയും
തുന്നിപ്പിടിപ്പിക്കലും
പഠിപ്പിച്ചു
സ്കൂളില്‍വെച്ച്
ഗുരുക്കന്മാര്‍

കവിതയെഴുതുന്നത്
എങ്ങനെയെന്ന് മാത്രം
ആരും പറഞ്ഞില്ല.

ഒടുവില്‍
കീറിപ്പറിഞ്ഞ
ഒരു ഹൃദയമാണ്
വിരലുകള്‍ ചേര്‍ത്തുപിടിച്ച്
ചുടുചോരയില്‍ മുക്കി
തീക്കൊള്ളിയുടെ നെറുകയില്‍
ആദ്യത്തെ വരി
കുറിച്ചുതന്നത്.