Saturday, March 16, 2013

പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍


പ്രണയിനിയുടെ നാട്ടിലൂടെ
ബസ്സില്‍ പോകുമ്പോള്‍
പിറന്ന മണ്ണിനോടെന്ന പോലെ
ഒരടുപ്പം ഉള്ളില്‍ നിറയും

അവള്‍ പഠിച്ചിറങ്ങിയ
സ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാം
അവളുടെ ഛായയായിരിക്കും

അവര്‍ക്ക് മിഠായി നല്‍കാന്‍
മനസ്സ് തുടിക്കും

നിരത്തുവക്കിലെ
മരണവീട്ടില്‍
തിരക്കു കാരണം
കയറാന്‍ കഴിഞ്ഞില്ലെന്ന്
തൊട്ടടുത്തിരിക്കുന്ന
യാത്രക്കാരനോട്
പരിഭവം പറയും

വാര്‍ഡ് മെമ്പര്‍ക്കു നേരെ
പുതുതായി
വോട്ടവകാശം കിട്ടിയവനെപ്പോലെ
നിഗൂഢമായ് ചിരിക്കും

ചിലനേരത്ത്
കല്യാണം കഴിഞ്ഞെന്ന് വരെ
തോന്നലുണ്ടാവും

അന്നാട്ടിലെ
പെണ്ണുങ്ങളെല്ലാം
പ്രതിശ്രുതവരനെയെന്ന പോലെ
തന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധത്താല്‍
ശരീരം കിടുങ്ങും

തിരിച്ച് വീട്ടിലെത്തുമ്പോള്‍
അവളുടെ പ്രദേശം
സ്വന്തമായ ഭരണഘടനയും
ഭൂപടവുമുള്ള
ഒരു രാഷ്ട്രമാണെന്ന് തിരിച്ചറിവുണ്ടാവും

അത്
അവളെപ്പോലെ
ആര്‍ക്കും കീഴടക്കാന്‍ കഴിയാതെ
ഇരുളിലേക്ക്
പരക്കുകയായിരിക്കും.

7 comments:

  1. അത്
    അവളെപ്പോലെ
    ആര്‍ക്കും കീഴടക്കാന്‍ കഴിയാതെ
    ഇരുളിലേക്ക്
    പരക്കുകയായിരിക്കും.

    ഭൂപടത്തിൽ ഇല്ലാത്ത ഒരിടം പോലെ..

    ശുഭാശംസകൾ....

    ReplyDelete
  2. അവന്റെ നാട്ടിലൂടെ യാത്ര ചെയ്തപ്പോൾ വല്ലാത്തൊരിഷ്ട്ടം ആ നാടിനോട് എനിക്കും തോന്നീരുന്നു .

    ഇഷ്ട്ടായി ഈ കവിത .

    ReplyDelete
  3. ജിനേഷേട്ടാ നിങ്ങളുടെ കവിതകള്‍ മുമ്പെവിടെയോ വായിച്ചിച്ചുണ്ടായിരുന്നു ബ്ലോഗ്ഗില്‍ കണ്ടതില്‍ സന്തോഷം......

    ReplyDelete
  4. ഗൃഹാതുരത തുളുമ്പുന്ന ഓര്മ്മതന്നെ...

    ReplyDelete