Monday, January 3, 2011

കച്ചിത്തുരുമ്പ്

പറന്നുകളയുമോ എന്നാ പേടിയില്‍
കുട്ടികളെ
ആകാശത്തെക്കുറിച്ച്
ഒന്നും പഠിപ്പിച്ചില്ല

കാണാന്‍ ഓടിപ്പോയാലോ
എന്നോര്‍ത്ത്
ചരിത്രം കടന്നുവന്ന വഴിയില്‍
തിരിതെളിയിച്ചില്ല

കരഞ്ഞ് കണ്ണുകലങ്ങി
ഇളംമൊഴികള്‍ മുഷിഞ്ഞ്
തളര്‍ന്നുപോവുമോ
എന്ന ആധിയില്‍
ജീവിതം പേറുന്ന നോവുകളെ
പരിചയപ്പെടുത്തിയില്ല

ഏതു നേരത്തും പരന്നുപോകാവുന്ന
നാല് ചുവരുകള്‍ക്കുള്ളില്‍,
കാലുകള്‍ കുഴഞ്ഞാടുന്ന
മരബെഞ്ചിനു മീതെ,
ഒച്ചയനക്കങ്ങളേതുമില്ലാതെ
ഒരു ഇരുത്തം മാത്രം
എത്രയോ മാസങ്ങളിലെ സിലബസ്

തോളോട് തോളുരുമ്മി
ഒന്നാടി രസിക്കാന്‍ പോലും
വിട്ടില്ലല്ലോ
ഞാനീ പിഞ്ചുപൈതങ്ങളെ

തലയെണ്ണാന്‍ വരുമ്പോള്‍
തെറ്റിക്കുറഞ്ഞ്‌, പണിപോയാലോ...?

ഇനി ഓരോ കുട്ടിയും
അച്ചടക്കമുള്ള
ഓരോ അരിമണിയാവുമോ.

7 comments:

  1. ഇനി ഓരോ കുട്ടിയും
    അച്ചടക്കമുള്ള
    ഓരോ അരിമണിയാവുമോ

    ReplyDelete
  2. "തലയെണ്ണാന്‍ വരുമ്പോള്‍
    തെറ്റിക്കുറഞ്ഞ്‌, പണിപോയാലോ...?"

    ചെയ്യേണ്ടതൊക്കെ നേരെ ചൊവ്വേ ചെയ്തിരുന്നെങ്കിൽ ...

    ReplyDelete
  3. നമ്മുടെ സിലബസ്സിന് പണ്ടേ അടിക്കണം ഇരുബാണി

    ReplyDelete
  4. തലയെണ്ണാന്‍ വരുമ്പോള്‍
    തെറ്റിക്കുറഞ്ഞ്‌, പണിപോയാലോ...?

    പല അദ്ധ്യാപകരും ഈ ആശങ്ക പങ്ക് വെച്ചിരുന്നു.
    കവിത നന്നായിട്ടുണ്ട്.

    ReplyDelete
  5. Jinesh....
    Super..excellent or fantastic...??? I don't know how to qualify it....keep on writing...my best wishes.
    Manoj

    ReplyDelete