Tuesday, November 23, 2010

വിലക്ക്

വടകര 
പുതിയ സ്റ്റാന്റില്‍ നിന്നും 
ചായ കുടിക്കാനാ 
ചായ കുടിക്കാനാ എന്ന് 
ശബ്ദം താഴ്ത്തി കരഞ്ഞ്
ലേശം ബുദ്ധിക്കുറവുള്ള സുരേഷ് 
വിറയ്ക്കുന്ന കൈകളോടെ കയറും 

തലമൂടിതട്ടമിട്ട്
പോസ്റ്റ്‌കാര്‍ഡ് വണ്ണത്തില്‍
രേഖപ്പെടുത്തിയ 
നൊമ്പരങ്ങളുമായ്‌
ഉമ്മയും ബാപ്പയും കിടപ്പിലായ,
ഭര്‍ത്താവുപേക്ഷിച്ച,
രണ്ട് ചെറിയ മക്കളുള്ള 
സെലീന 
പയ്യോളിയില്‍ നിന്നും 
വീട് വെക്കാനുള്ള കൊതിയോടെ 
ചില്ലറത്തുട്ടുകള്‍ തിരയും

കൂപ്പില്‍ 
പണിയെടുക്കുമ്പോള്‍ 
അബദ്ധത്തില്‍
മരം വീണ് തകര്‍ന്ന മുതുക് 
ഓപ്പറേഷന്‍ ചെയ്ത്
നേരെയാക്കാമെന്ന
പ്രതീക്ഷയോടെ 
കൊയിലാണ്ടിയില്‍ നിന്നും 
കറുത്ത, ഉയരം കുറഞ്ഞ 
പേരറിയാത്ത ഒരാള്‍ 

ചിരട്ടവീണമീട്ടി 
അടിപൊളിപ്പാട്ടുകള്‍ പാടി 
പത്ത് വയസ്സില്‍ താഴെമാത്രം പ്രായമുള്ള 
ഒരു തമിഴ് പയ്യന്‍ 
കോഴിക്കോട് നിന്നും.

എല്ലാവരും 
കയറിയ ഇടങ്ങളില്‍ തന്നെ 
ഇറങ്ങും,
നാണയക്കിലുക്കങ്ങളില്‍ മുഴുകി 
ആഗ്രഹങ്ങളോട് അടുക്കും 

ഇവര്‍ക്കിടയില്‍ 
ദുരിതങ്ങള്‍ അച്ചടിച്ചുവെച്ച
മഞ്ഞക്കാര്‍ഡോ,
അവയെ 
ഉച്ചത്തില്‍ വിളിച്ചുപറയാന്‍ 
കനത്ത ചങ്കൂറ്റമോ ഇല്ലാതെ,
ചായകുടിക്കാതെയും
വീട് നിര്‍മ്മിക്കാനാവാതെയും
പാട്ടറിഞ്ഞിട്ടും പാടാതെയും
മുതുകൊടിഞ്ഞ സ്വപ്നങ്ങളുമായ്‌
വിഫലമെന്ന് ഉറപ്പുള്ള 
യാത്രയിലുടനീളം 
ഞാന്‍ തലകുനിച്ചിരുന്ന്‍
വിയര്‍ക്കും 


എല്ലാവരും 
കയറിയ ഇടങ്ങളില്‍ തന്നെ 
ഇറങ്ങും,
നാണയക്കിലുക്കങ്ങളില്‍ മുഴുകി 
ആഗ്രഹങ്ങളോട് അടുക്കും.

9 comments:

  1. ഉള്ളുലച്ച വരികള്‍. ആശംസകള്‍ സുഹൃത്തേ.......

    ReplyDelete
  2. തീക്ഷ്ണമായ കവിത

    ReplyDelete
  3. Onnam class kavitha. veruthe parayukalla. enne chinthippichu ee kavitha.

    ReplyDelete
  4. തെണ്ടികളുടെ ഭാഗ്യം പോലും ഇല്ലാത്തവന്‍..ഹോ..അതി ത്രീവ്രം..!

    ReplyDelete
  5. ഒരു നല്ല കവിത വായിച്ചു .....സരളമായി പറഞ്ഞ ജീവിതം ...ഈ എഴുത്ത് തുടരുക

    ReplyDelete
  6. നല്ല എഴുത്ത്!
    ആശംസകൾ!

    ReplyDelete
  7. Jinesh. I am also from madappally...hope to meet you someday from Anupama stores... hope you know it

    ReplyDelete